സംസ്ഥാനത്ത് യുഡിഎഫിന് ഭരണം പ്രവചിച്ച് എക്സിറ്റ് പോളുകൾ. യുഡിഎഫിന് 70 മുതൽ 90 സീറ്റുകൾ വരെയാണ് വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. എൽഡിഎഫിന് 40 മുതൽ 69 വരെ സീറ്റുകളാണ് പ്രവചനത്തിലുള്ളത്. എൻഡിഎയ്ക്ക് ഒന്നും കിട്ടാതിരിക്കാനുള്ള സാധ്യത മുതൽ ഏഴു സീറ്റുകൾ വരെ വിവിധ ഏജൻസികൾ പ്രവചിക്കുന്നു.
സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരം ഉണ്ട് എന്നാണ് എക്സിറ്റ് പോളുകൾ പറയുന്നത്. പക്ഷേ അത് യുഡിഎഫ് പറഞ്ഞിരുന്നതുപോലെ 100 സീറ്റിന്റെ വിജയത്തിലേക്കെത്തുമെന്ന് ഒരു ഏജൻസിയും പറയുന്നില്ല. യുഡിഎഫിന് ഏറ്റവും കൂടിയാൽ 90 സീറ്റുവരെയാണ് പ്രവചനത്തിലുള്ളത്. എൽഡിഎഫിന് കുറഞ്ഞത് 40 സീറ്റും ഏറിയാൽ 69 സീറ്റുമാണ് പ്രവചനത്തിൽ. എൽഡിഎഫ് അവകാശപ്പെടുന്നതുപോലെ കേവല ഭൂരിപക്ഷത്തിലെത്തുമെന്ന് ഒരു എക്സിറ്റ് പോളുകളും പറയുന്നില്ല.
ആക്സിസ് മൈ ഇന്ത്യയാണ് യുഡിഎഫിന് 78 മുതൽ 90 വരെ സീറ്റുകൾ പ്രവചിക്കുന്നത്. യുഡിഎഫ് ഈ നിലയ്ക്കു ജയിക്കും എന്നു പറയുന്ന മറ്റ് ഏജൻസികൾ ഒന്നുമില്ല. ആക്സിസ് മൈ ഇന്ത്യയുടെ കണക്കിൽ എൽഡിഎഫിന് 49 മുതൽ 62 സീറ്റുകൾ വരെയാണ് ഉള്ളത്. ബിജെപി അക്കൌണ്ട് തുറക്കാതിരിക്കാനുള്ള ഒരു സാധ്യതയും ആക്സിസ് മൈ ഇന്ത്യ പറയുന്നുണ്ട്. പൂജ്യം മുതൽ മൂന്നു സീറ്റുകൾ വരെ എന്നാണ് പ്രവചനം.
ടുഡേസ് ചാണക്യ യുഡിഎഫിന് 72 മുതൽ 80 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 60 മുതൽ 65 വരെയും. എൻഡിഎയ്ക്കു കുറഞ്ഞത് മൂന്നു സീറ്റ് കിട്ടാം എന്നും പരമാവധി ഏഴിൽ എത്താമെന്നും ചാണക്യ പ്രവചിക്കുന്നു.
പി മാർക്ക് യുഡിഎഫിന് 71 മുതൽ 79 സീറ്റുകൾ വരെയാണ് പറയുന്നത്. എൽഡിഎഫിന് 62 മുതൽ 69 വരെ. എൻഡിഎയ്ക്ക് ഒരു സീറ്റ് ഉറപ്പു പറയുന്നു. അതു മൂന്നുവരെ ആവുകയും ചെയ്യാം.
ജെവിസിയുടെ പ്രവചനത്തിൽ യുഡിഎഫിന് 72 മുതൽ 84 വരെ സീറ്റുകളാണ്. എൽഡിഎഫിന് 52 മുതൽ 61 വരെയും. ജെവിസി ബിജെപിക്ക് കുറഞ്ഞത് മൂന്നും ഏറിയാൽ ഏഴും സീറ്റുകൾ പ്രവചിക്കുന്നു. എൻഡിഎയ്ക്ക് ഏറ്റവും കൂടുതൽ സീറ്റ് പറയുന്നത് ജെവിസിയാണ്.
മെട്രിക്സിന്റെ പ്രവചനത്തിൽ യുഡിഎഫ് നേർ പകുതി സീറ്റിൽ വന്നു നിൽക്കാം. 70 മുതൽ 75 വരെ സീറ്റുകളാണ് പ്രവചനത്തിൽ.എൽഡിഎഫിന് കുറഞ്ഞത് 60 സീറ്റും ഏറിയാൽ 65ഉം മെട്രിക്സ് പറയുന്നു. എൻഡിഎയ്ക്ക് മൂന്ന് സീറ്റ് ഉറപ്പിക്കുന്ന മെട്രിക്സ് പരമാവധി അഞ്ചു സീറ്റു കിട്ടാം എന്നും പറയുന്നു.
വോട്ട് വൈബ് യുഡിഎഫിന് നൽകുന്നത് 70 മുതൽ 80 വരെ സീറ്റുകളാണ്. എൽഡിഎഫിന് 58 മുതൽ 68 വരെയും. എൻഡിഎയ്ക്ക് ഒന്നും കിട്ടാതെയും വരെ പരമാവധി നാലു സീറ്റുവരെ കിട്ടുകയും ചെയ്യാം എന്ന് വോട്ട് വൈബ് പ്രവചിക്കുന്നു.
പീപ്പിൾസ് പൾസ് യുഡിഎഫിന് 75 മുതൽ 85 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്. എൽഡിഎഫിന് 55 മുതൽ 65 വരെയും. എൻഡിഎയ്ക്ക് ഒന്നും കിട്ടാത്ത സാഹചര്യവും വരാം. പരമാവധി മൂന്നു സീറ്റുകൾ കിട്ടുകയും ചെയ്യാം.
2021ലെ തെരഞ്ഞെടുപ്പിൽ എല്ലാ സർവേകളും എൽഡിഎഫ് വിജയം പ്രവചിച്ചെങ്കിലും 99 സീറ്റ് കിട്ടുമെന്ന് ആരും പ്രവചിച്ചില്ല. ഒന്നൊഴികെ എല്ലാ സർവേകളിലും 72 മുതൽ 85 വരെ സീറ്റുകളാണ് പ്രവചിച്ചിരുന്നത്. എന്നാൽ ആക്സിസ് മൈ ഇന്ത്യ 104 മുതൽ 120 സീറ്റുവരെ പ്രവചിച്ച് ഞെട്ടിക്കുകയും ചെയ്തിരുന്നു.
