മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മരുന്നു വാങ്ങാനായി ഇതര സംസ്ഥാനങ്ങളുമായി കൈകോർക്കുന്നു. വൻകിട മരുന്ന് കമ്പനികൾ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളുമായാണ് സഹകരിക്കുക.
സർക്കാർ ആശുപത്രികളിലേക്ക് മരുന്ന് വില കുറച്ചു വാങ്ങുന്നതിന്റെ ഭാഗമായി ഇതര സംസ്ഥാനങ്ങളുമായി യോജിച്ച് ടെൻഡർ ക്ഷണിക്കാനാണ് സർക്കാർ ആലോചന. മറ്റ് സംസ്ഥാനങ്ങളിലെ മെഡിക്കൽ സർവീസസ് കോർപ്പറേഷനുകളുമായി കെ എം എസ് സി എൽ ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്ത് മരുന്നുകളുടെ ആവശ്യം കുത്തനെ ഉയരുന്ന സാഹചര്യത്തിലും മരുന്ന് ക്ഷാമമാടക്കമുള്ള സമയങ്ങളിലും ഉപയോഗിക്കാൻ സാധിക്കുന്ന രീതിയിലാണ് ടെൻഡർ ക്രമീകരിക്കുക. തമിഴ്നാട് ആരോഗ്യവകുപ്പ് സെക്രട്ടറിയുമായി കേരള ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ് ഫോണിൽ സംസാരിച്ചു. തമിഴ്നാടും താൽപര്യം അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ സർവീസസ് കോർപ്പറേഷൻ മേധാവിമാരുടെ കോൺക്ലേവ് സംഘടിപ്പിക്കും. കുറഞ്ഞ വിലയ്ക്ക് മാറുന്നു വാങ്ങുന്ന സംസ്ഥാനങ്ങളുമായി ടെൻഡറിൽ ഏർപ്പെട്ടാൽ അതേ വിലയ്ക്ക് കേരളത്തിനും മരുന്നു ലഭിക്കും. മരുന്നിന്റെ ആവശ്യം കൂടുതലാകുന്ന സാഹചര്യങ്ങളിൽ മരുന്ന് വാങ്ങാൻ കമ്പനികൾക്ക് മുൻപിൽ ക്യു നിൽക്കാതെ ഇതര സംസ്ഥാനങ്ങൾ സംഭരിച്ചതിൽ നിന്ന് എത്തിക്കാനും സഹകരണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. മരുന്ന് വാങ്ങുന്നതിന് തടസ്സമാകുന്ന കെഎംസിഎല്ലിന്റെ പല ടെൻഡർ വ്യവസ്ഥകളിലും മാറ്റം വരുത്തും.
