രാസവളങ്ങളുടെ വില കുത്തനെ കൂടുന്നത് കർഷകരുടെ നടുവൊടിക്കുന്നു.
വ്യാപകമായി ഉപയോഗിക്കുന്ന ഫാക്ടംഫോസിന്റെ 50 കിലോഗ്രാം ചാക്കിന് ഒരുവർഷ ത്തിനിടെ കൂടിയത് 825 രൂപയാണ്. കാലാവസ്ഥ വ്യതിയാനത്തെ തുടർന്നുള്ള ഉൽപാദനക്കുറവിനും വിലയിടിവിനും പുറമേ കർഷകർക്ക് ഇരുട്ടടിയാകുകയാണ് രാസവള വിലക്കയറ്റം.
ഫാക്ടംഫോസ് വളം 50 കിലോഗ്രാം ചാക്കിന് കഴിഞ്ഞ സീസണിലെ വില 1475 രൂപ. ഏപ്രിൽ,മെയ് മാസങ്ങളിലായി രണ്ടുതവണ വിലകൂടി ഇത് 2100 രൂപയിലെത്തി. ഓഗസ്റ്റിൽ വീണ്ടും 200 രൂപ കൂടി വില 2300 ആയി.
പൊട്ടാഷിനും വില ഉയർന്നു. കഴിഞ്ഞ സീസണിൽ 1800 രൂപയായിരുന്ന 50 കിലോ ചാക്കിൻ്റെ വില, മെയ് മാസം 1975 രൂപയായി. ഓഗസ്റ്റിൽ 225 രൂപകൂടി വർധിച്ച് 2200 രൂപയിലെത്തി. നെല്ലിനും തെങ്ങിനും, റബ്ബറിനും കവുങ്ങിനും, വാഴക്കും പച്ചക്കറിക്കും എന്നു വേണ്ട എല്ലാ കൃഷിക്കുമുള്ള വളത്തിനും വില കുതിച്ചുയരുകയാണ്. മറ്റു കൂട്ടുവളങ്ങൾക്കും വില കൂടിയിട്ടുണ്ട്. വളം നിർമാണത്തിനാവശ്യമായ ഫോസ്ഫോറിക് ആസിഡ്,അമോണിയ തുടങ്ങിയവയുടെ ഇറക്കുമതിച്ചെലവ് കൂടിയതും കേന്ദ്ര സർക്കാർ വളം കമ്പനികൾക്ക് നൽകുന്ന സബ്സിഡി കുറച്ചതുമാണ് വളത്തിന് ഇങ്ങനെ വിലകൂടാൻ കാരണമെന്ന് വ്യാപാരികൾ കർഷകരോട് പറയുന്നത്.
പ്രതിസന്ധി മറികടക്കാൻ ജൈവവള പ്രയോഗം കൂട്ടണമെന്നാണ് കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം. എന്നാൽ ഇത് വിളവ് കുറക്കുമെന്നും കൃഷിയുടെ ചിലവ് വർദ്ധിപ്പിക്കുമെന്നുമാണ് കർഷകരുടെ ആശങ്ക. വന്യമൃഗശല്യം മൂലം പൊറുതിമുട്ടി നിൽക്കുന്നവരാണ് നമ്മുടെ നാട്ടിലെ ഒട്ടുമിക്ക കർഷകരും. അതിനിടയിലാണ് വളത്തിൻ്റെ ഈ വിലക്കയറ്റം.
