തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി വിശദമായി പരിശോധിക്കാൻ കെപിസിസി. ചിറയിൻകീഴിലെയും ചിറ്റൂരിലെയും തോൽവി പ്രത്യേകം പരിശോധിക്കും. കയ്യിലിരുന്ന സീറ്റുകൾ നഷ്ടപ്പെട്ടതും വിജയിച്ച സീറ്റുകളിലെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതുമാണ് കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കുന്നത്.സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണോ, താഴെത്തട്ടിലെ സംഘടനാ സംവിധാനം ദുർബലമായതാണോ തുടങ്ങിയ കാര്യങ്ങളാകും പ്രധാനമായും പരിശോധിക്കുക. തിരിച്ചടി നേരിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റികളിൽ നിന്ന് കെപിസിസി റിപ്പോർട്ട് തേടും.
ചിറ്റൂരിൽ സുമേഷ് അച്യുതൻ നേടിയിരുന്ന വലിയ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതും പരിശോധനയുടെ ഭാഗമാകും. രമ്യ ഹരിദാസ് എംഎൽഎ ഉൾപ്പെട്ട കയ്യാങ്കളി വിവാദം അഞ്ചുതെങ്ങിലെ തോൽവിക്ക് കാരണമായെന്ന വിലയിരുത്തലും കെപിസിസി പരിശോധിക്കും. വിവാദം എങ്ങനെ പരിഹരിക്കണമെന്നതിലും ചർച്ചയുണ്ടാകും.
അതേസമയം, രമ്യ ഹരിദാസിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ തോൽവിയുടെ ക്ഷീണമില്ലാതെയാണ് രമ്യ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുത്തത്. പാട്ടുപാടിയാണ് രമ്യ വേദിയിലെത്തിയത്.സർക്കാരിന്റെ പ്രവർത്തന വിലയിരുത്തലും കെപിസിസി യോഗത്തിൽ ചർച്ചയായേക്കും. വൈദ്യുതി പ്രതിസന്ധിയും മരുന്ന് ക്ഷാമവും തിരിച്ചടിയായെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ ചില നിലപാടുകൾ ജനങ്ങൾ തള്ളിയെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.
അടുത്ത കെപിസിസി യോഗത്തിൽ വിഷയങ്ങൾ വിശദമായി ഉന്നയിക്കും. കെപിസിസി തലത്തിൽ നിന്ന് താഴെത്തട്ട് വരെ സംഘടനാ പുനഃസംഘടന വേണമെന്ന ആവശ്യം മുതിർന്ന നേതാക്കളിലും ശക്തമാണ്.
