ചിറ്റൂർ–തത്തമംഗലം നഗരസഭയിൽ എംഎൽഎ സുമേഷ് അച്യുതന്റെ വാർഡിൽ എൽഡിഎഫിന് അട്ടിമറി വിജയം. വോട്ടെണ്ണലിൽ ഇരു മുന്നണികൾക്കും തുല്യ വോട്ട് ലഭിച്ചതോടെയാണ് നറുക്കെടുപ്പിലൂടെ എൽഡിഎഫ് വിജയിച്ചത്.
എൽഡിഎഫ് സ്ഥാനാർഥി വി. തുളസീധരനാണ് വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും 433 വോട്ട് വീതമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ നറുക്കെടുപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി വിജയിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 185 വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുമേഷ് അച്യുതൻ വിജയിച്ച വാർഡിലാണ് ഇത്തവണ എൽഡിഎഫ് ലീഡ് നിലനിർത്താനാകാതെ വന്നത്.വിജയം തികച്ചും രാഷ്ട്രീയ വിജയമാണെന്നും എംഎൽഎയുടെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ മറുപടിയാണെന്നും എൽഡിഎഫ് പ്രതികരിച്ചു.
അതേസമയം, വിജയം രാഷ്ട്രീയമായി കാണാനാകില്ലെന്നും എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും സുമേഷ് അച്യുതൻ എംഎൽഎ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഴുവൻ സമയവും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും എംഎൽഎ വ്യക്തമാക്കി.സുമേഷ് അച്യുതൻ നഗരസഭ ചെയർമാൻ സ്ഥാനത്തുനിന്ന് രാജിവച്ച് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.
