എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപിക്കെതിരായ സൈബർ ആക്രമണത്തിൽ പോലീസ് കേസെടുത്തു. അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തിയതായി പരാതിയുള്ള അഞ്ച് സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്കെതിരെയാണ് നടപടി.പരാതി നൽകിയതിന് പിന്നാലെ ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് കേസെടുത്തത്. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എബ്രഹാമാണ് പോലീസിൽ പരാതി നൽകിയത്.
നേരത്തെ ഡിജിപിക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് ജോൺസൺ എബ്രഹാം ആരോപിച്ചിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രിയെ നേരിൽ കണ്ട് പരാതി നൽകിയതിന് പിന്നാലെയാണ് പോലീസ് കേസെടുത്തത്.പരാതിക്കാരൻ നൽകിയ അക്കൗണ്ട് വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ വിവരങ്ങൾ തേടി പോലീസ് മെറ്റയ്ക്ക് കത്തയച്ചിട്ടുണ്ട്. അക്കൗണ്ടുകളുടെ ഉടമകളെ കണ്ടെത്തുന്നതിനടക്കമുള്ള തുടർനടപടികൾ അന്വേഷണത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നാണ് വിവരം.
കെ സി വേണുഗോപാലിനെതിരായ സൈബർ ആക്രമണവുമായി ബന്ധപ്പെട്ട പരാതി പോലീസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണവും നേരത്തെ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലപ്പുഴയിൽ രാഷ്ട്രീയ വിവാദവും ശക്തമായിരുന്നു.സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങൾ ലഭിച്ച ശേഷം കേസിൽ കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് പോലീസിന്റെ നീക്കം.
