പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിനിടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അബുദാബിയിൽ രഹസ്യ സന്ദർശനം നടത്തി. യു.എ.ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്.
ബെൻ-ഗുറിയൻ വിമാനത്താവളത്തിൽ നിന്ന് സ്വകാര്യ വിമാനത്തിലാണ് നെതന്യാഹു അബുദാബിയിലെത്തിയത്. ഏതാനും മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഇസ്രായേലിലേക്ക് മടങ്ങി. ഇരുനേതാക്കളും ഏകദേശം നാല് മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ.
കൂടിക്കാഴ്ചയുടെ അജണ്ട സംബന്ധിച്ച് ഇസ്രായേലോ യു.എ.ഇയോ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. ഗാസയിലെ യുദ്ധം, മേഖലാ സുരക്ഷ, ഇസ്രായേൽ–യു.എ.ഇ ബന്ധം തുടങ്ങിയ വിഷയങ്ങൾ ചർച്ചയായോ എന്നതിലും വ്യക്തതയില്ല.2023 ഒക്ടോബർ 7ലെ ഹമാസ് ആക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് ഷെയ്ഖ് മുഹമ്മദ് നെതന്യാഹുവിനെ ഫോണിൽ ബന്ധപ്പെട്ട് ആക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടെയാണ് പുതിയ കൂടിക്കാഴ്ച.
എന്നാൽ ഈ ആരോപണം നെതന്യാഹുവിന്റെ ഓഫീസ് നിഷേധിച്ചു. അത്തരമൊരു ഫോൺ സംഭാഷണം നടന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ ദുരുദ്ദേശ്യപരമാണെന്നും ഓഫീസ് വ്യക്തമാക്കി. ബന്ധപ്പെട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.യു.എ.ഇയും ആരോപണത്തിൽ വ്യക്തത വരുത്തിയിരുന്നു. രഹസ്യാന്വേഷണ വിവരങ്ങൾ ഔദ്യോഗിക സുരക്ഷാ സംവിധാനങ്ങളിലൂടെയാണ് കൈമാറുന്നതെന്നും ഭരണത്തലവന്മാർ നേരിട്ട് ഇത്തരം മുന്നറിയിപ്പുകൾ നൽകുന്ന രീതിയല്ലെന്നുമാണ് യു.എ.ഇയുടെ വിശദീകരണം.
ഗാസ യുദ്ധവും മേഖലയിൽ തുടരുന്ന സംഘർഷങ്ങളും ഇസ്രായേൽ–അറബ് ബന്ധങ്ങളിൽ സമ്മർദം സൃഷ്ടിച്ചിട്ടും അബ്രഹാം ഉടമ്പടിയിലൂടെ രൂപപ്പെട്ട ഇസ്രായേൽ–യു.എ.ഇ ബന്ധം തുടരുന്നതിന്റെ സൂചനയായാണ് നെതന്യാഹുവിന്റെ സന്ദർശനം ശ്രദ്ധ നേടുന്നത്.എന്നാൽ രഹസ്യ കൂടിക്കാഴ്ചയുടെ യഥാർത്ഥ ലക്ഷ്യവും ചർച്ചകളുടെ വിശദാംശങ്ങളും ഇപ്പോഴും പുറത്തുവന്നിട്ടില്ല.
