പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ നാളെ തുടക്കം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഡൽഹിയിലെത്തി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉൾപ്പെടെ അംഗരാജ്യങ്ങളിലെ നേതാക്കളും പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കും.ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ന്യൂഡൽഹിയിൽ ബിസിനസ് ഫോറത്തിനും തുടക്കമായി. പശ്ചിമേഷ്യൻ സംഘർഷം, റഷ്യ–യുക്രൈൻ യുദ്ധം, ആഗോള വ്യാപാരം തുടങ്ങിയ വിഷയങ്ങൾ ഉച്ചകോടിയിൽ പ്രധാന ചർച്ചയാകും.
ഏഴ് വർഷത്തിന് ശേഷമാണ് ഷി ജിൻപിങ് ഇന്ത്യയിലെത്തുന്നത്. 2020ലെ ഗാൽവൻ സംഘർഷത്തിന് പിന്നാലെ ഇന്ത്യ–ചൈന ബന്ധത്തിലുണ്ടായ വിള്ളലിന് ശേഷം ബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ് സന്ദർശനം.നാലാം തവണയാണ് ഇന്ത്യ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്ലാദിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ റഷ്യ–യുക്രൈൻ യുദ്ധവും ഇന്ധന ഇറക്കുമതിയും ചർച്ചയായേക്കും. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസും ഉച്ചകോടിയിൽ പങ്കെടുക്കും.
