കൂടത്തായി കൂട്ടക്കൊലപാതക കേസ് പ്രമേയമാക്കിയ ‘അണലി’ വെബ് സീരിസിന് വിലക്ക്. കേസിലെ പ്രതി ജോളി ജോസഫ് നൽകിയ ഹർജിയിലാണ് എറണാകുളം മുൻസിഫ് കോടതിയുടെ ഉത്തരവ്. സീരിസിലെ പ്രധാന കഥാപാത്രത്തിന് തന്നുമായി ഏറെ സാമ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയെ സമീപിച്ചത്.
കഥാപാത്രത്തിന്റെ സാദൃശ്യം വ്യക്തിപരമായി ദോഷം ചെയ്യുമെന്ന ജോളിയുടെ വാദം പരിഗണിച്ചാണ് കോടതിയുടെ നടപടി. ഹർജിക്കാരി തന്നെയാണ് സീരിസിലെ പ്രധാന സ്ത്രീ കഥാപാത്രമെന്ന് തിരിച്ചറിയാൻ കഴിയുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ റിലീസ് ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും സ്ട്രീം ചെയ്യുന്നതും കോടതി വിലക്കി.കോടതി ഉത്തരവോടെ റിലീസിന് തയ്യാറായിരുന്ന ‘അണലി’ വെബ് സീരിസിന്റെ തുടർനടപടികൾ അനിശ്ചിതത്വത്തിലായി. കേസ് സെപ്റ്റംബർ ഒമ്പതിന് വീണ്ടും പരിഗണിക്കും.
