ചിങ്ങപ്പുലരിയിൽ അയ്യപ്പദർശനം തേടി ശബരിമല സന്നിധാനത്ത് വൻ ഭക്തജന തിരക്ക്. പുലർച്ചെ അഞ്ചിന് നട തുറന്നു. അഞ്ചര മുതൽ നെയ്യഭിഷേകം ആരംഭിച്ചു. ഉഷഃപൂജയ്ക്ക് ശേഷം ശബരിമല കീഴ് ശാന്തിയെ തെരഞ്ഞെടുത്തു.ദേവസ്വം ബോർഡ് ഉള്ളൂർ ഗ്രൂപ്പിലെ ഗണേഷ് പ്രസാദിനാണ് നറുക്ക് വീണത്. ഒമ്പത് വയസ്സുകാരൻ കാർത്തിക് കൃഷ്ണയാണ് നറുക്കെടുത്തത്. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ നടക്കും.
ചിങ്ങമാസ പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 21ന് രാത്രി 10ന് ഹരിവരാസനം പാടി നട അടയ്ക്കും. ഓണക്കാല പൂജകൾക്കായി ഓഗസ്റ്റ് 24ന് നട വീണ്ടും തുറക്കും. ഓഗസ്റ്റ് 28ന് ചതയദിന പൂജകൾക്ക് ശേഷം നട അടയ്ക്കും.കണ്ഠരര് ബ്രഹ്മദത്തൻ പുതിയ തന്ത്രിയായി ചുമതലയേറ്റതോടെ ശബരിമലയുടെ താന്ത്രിക കർമങ്ങളിലും പുതിയ തലമുറയുടെ സാന്നിധ്യത്തിന് തുടക്കമായി.
അതേസമയം, മോഹൻലാൽ–തരുൺമൂർത്തി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘അതിമനോഹരം’ ചിത്രത്തിന്റെ ശബരിമല സന്നിധാനത്തെയും പരിസരപ്രദേശങ്ങളെയും കേന്ദ്രീകരിച്ചുള്ള ഷൂട്ടിംഗിന് പെരിയാർ ടൈഗർ റിസർവ് അനുമതി നിഷേധിച്ചു.ഓഗസ്റ്റ് 18, 19 തീയതികളിലായിരുന്നു സന്നിധാനത്തും പരിസരപ്രദേശങ്ങളിലും ചിത്രീകരണം തീരുമാനിച്ചിരുന്നത്. ദേവസ്വം ബോർഡ് അനുമതി നൽകിയിരുന്നെങ്കിലും പെരിയാർ ടൈഗർ റിസർവിന്റെ അനുമതി ലഭിക്കാത്തതിനാൽ ക്ഷേത്രപരിസരത്ത് ഷൂട്ടിംഗ് നടക്കില്ല.റാന്നി വനം ഡിവിഷനിൽ അനുമതി ലഭിച്ചതിനാൽ പമ്പ വരെയുള്ള പ്രദേശങ്ങളിൽ ചിത്രീകരണം നടത്താനാകും.
