ഉത്തർപ്രദേശിലെ ലഖിംപൂർ ഖേരിയിൽ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഉണ്ടായ റോഡ് അപകടത്തിൽ ദമ്പതികൾക്ക് ദാരുണാന്ത്യം. അതിവേഗത്തിൽ എത്തിയ മഹീന്ദ്ര താർ കാർ ബൈക്കിൽ ഇടിച്ചതാണ് അപകടത്തിന് കാരണം. ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി ഏകദേശം 1.30ഓടെയായിരുന്നു സംഭവം. ജിതേന്ദ്ര വർമ്മയും ഭാര്യ സരിത വർമ്മയും ഉൾപ്പെടെ മൂന്ന് പേർ ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് താർ വാഹനം ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ജിതേന്ദ്ര വർമ്മ സംഭവസ്ഥലത്തുവെച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു.
ഇവരോടൊപ്പം യാത്ര ചെയ്തിരുന്ന ബന്ധുവിന് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇയാൾ ലഖ്നൗ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട താർ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
യു.പിയിൽ വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും വഴി അപകടം; ദമ്പതികൾക്ക് ദാരുണാന്ത്യം
