പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെച്ചൊല്ലിയ തർക്കത്തിൽ സിപിഐഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സിപിഐക്ക് അവകാശപ്പെട്ടതാണെന്നും, കീഴ്‌വഴക്കത്തിന്റെ പേരിൽ അതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സ്ഥാനങ്ങളും ഒരേ പാർട്ടിക്ക് എന്ന സമീപനം മാറേണ്ടതുണ്ടെന്നും അവകാശപ്പെട്ടത് നേടിയെടുക്കുമെന്നുമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം.
ഉപനേതാവ് വിഷയം അടഞ്ഞ അധ്യായമാണെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രതികരണത്തിന് പിന്നാലെയാണ് ബിനോയ് വിശ്വത്തിന്റെ വിമർശനം. മുന്നണിയിൽ കീഴ്‌വഴക്കമെന്ന പേരിൽ അവകാശങ്ങൾ നിഷേധിക്കാനാവില്ലെന്നാണ് സിപിഐയുടെ നിലപാട്.തുടർചർച്ചകൾക്ക് സിപിഐ തയ്യാറാണെന്നും, എന്നാൽ ഉപനേതാവ് സ്ഥാനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നാണ് സിപിഐയുടെ നിലവിലെ നിലപാട്. അതേസമയം, ഇക്കാര്യത്തിൽ ചർച്ചയ്ക്ക് പ്രസക്തിയില്ലെന്ന സിപിഐഎമ്മിന്റെ മുൻ നിലപാടിൽ മാറ്റമുണ്ടാകുമോയെന്നതാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
