രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലവർഷം വീണ്ടും ശക്തിപ്രാപിക്കുന്നതായി കാലാവസ്ഥാ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ സ്വാധീനത്തിൽ മധ്യ, പടിഞ്ഞാറൻ, കിഴക്കൻ, വടക്കൻ സംസ്ഥാനങ്ങളിലടക്കം വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്.മധ്യപ്രദേശ്, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, ഒഡീഷ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കേരളം, കർണാടക, തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് പ്രവചനം.
കാലവർഷം ശക്തമായതോടെ കഴിഞ്ഞ ദിവസങ്ങളിലെ ഉഷ്ണതരംഗ സാഹചര്യങ്ങൾക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആശ്വാസമായി. അതേസമയം, കനത്ത മഴയെത്തുടർന്ന് വെള്ളക്കെട്ട്, മണ്ണിടിച്ചിൽ, ഗതാഗത തടസം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.
