സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ഇതിന്റെ ഭാഗമായി മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തിയതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പുള്ളത്.11 ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്.അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ നിർദേശം.
മഴയോടൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിൽ ജാഗ്രത ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഹാരാഷ്ട്ര തീരത്തോടു ചേർന്ന് മധ്യ-കിഴക്കൻ അറബിക്കടലിനും വടക്കൻ തെലങ്കാനയ്ക്കും മുകളിലായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇതിന്റെ സ്വാധീനത്തിൽ ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴ ലഭിക്കും.
