തൃശൂർ മണലൂരിൽ കനത്ത മഴയിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ സ്വദേശി തൃഷ്ണത്ത് വീട്ടിൽ വിഷ്ണു (27) ആണ് മരിച്ചത്. മരം ചാഞ്ഞ് നിൽക്കുന്നത് കണ്ട് മാറ്റിപ്പാർപ്പിച്ചതിനാൽ വിഷ്ണുവിന്റെ അമ്മ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു അപകടം. ഇവർ താമസിക്കുന്ന ഓടിട്ട വീടിന് മുകളിലേക്ക് മരം ചാഞ്ഞ് നിൽക്കുന്നത് ഇന്നലെ ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടർന്ന് വിഷ്ണുവിന്റെ അമ്മ വള്ളിയമ്മയെ സമീപത്തെ വീട്ടിലേക്ക് ഇന്നലെ തന്നെ മാറ്റിപ്പാർപ്പിച്ചിരുന്നു. വിഷ്ണു ഈ വീട്ടിൽ തന്നെ താമസിക്കുകയായിരുന്നു. ഇന്ന് രാവിലെ പെയ്ത കനത്ത മഴയിലാണ് വിഷ്ണു കിടക്കുന്ന മുറിയുടെ മുകളിൽ ഭാഗത്തേക്ക് മരം വീണത്. പൊലീസും ഫയർഫോഴ്സും എത്തി മരം മുറിച്ചുമാറ്റിയാണ് വിഷ്ണുവിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
