മലപ്പുറം വണ്ടൂരിൽ മോഷണ പരമ്പര. കനത്ത ചൂടിൽ ജനൽ തുറന്നിട്ട് ഉറങ്ങിയ യുവതിയുടെ പാദസരം കവർന്നു. വാണിയമ്പലം ശാന്തി നഗറിൽ അക്കരപറമ്പൻ നജ്ലയുടെ മൂന്നേമുക്കാൽ പവൻ തൂക്കമുള്ള സ്വർണ പാദസരമാണ് മോഷണം പോയത്. ചൂട് കാരണം തുറന്നിട്ട ജനലിലൂടെയാണ് മോഷ്ടാവ് പാദസരം പൊട്ടിച്ച് കടന്നുകളഞ്ഞത്.
പ്രദേശത്തെ മറ്റൊരു വീട്ടിൽ നിന്ന് 17 പവർ സ്വർണവും മോഷണം പോയിട്ടുണ്ട്. മേലെ കോഴിപ്പറമ്പ് അബ്ദുറഹിമാന്റെ വീട്ടിലാണ് മോഷണം നടന്നത്. ഒരാഴ്ചയായി അടച്ചിട്ട വീട് കുത്തി തുറന്നാണ് കവർച്ച നടത്തിയത്. പക്ഷേ, ഏത് ദിവസമാണ് മോഷണം നടന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല. വീട് വൃത്തിയാക്കാൻ എത്തിയവരാണ് വീട് കുത്തി തുറന്ന് കിടക്കുന്നത് കണ്ടത്. രണ്ട് വീടുകളിൽ നിന്നായി 20 പവൻ സ്വർണമാണ് മോഷണം പോയത്. പ്രദേശത്തെ മറ്റൊരു വീട്ടിലും മോഷണ ശ്രമം നടന്നിട്ടുണ്ട്. സ്ഥലത്ത് പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. മോഷണ പരമ്പരയിൽ വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
