മലപ്പുറത്ത് അതിഥി തൊഴിലാളി ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശ് സ്വദേശി ലക്ഷ്മി നാരായണൻ ആണ് മരിച്ചത്. സംഭവത്തിൽ അനുജൻ കൈലാസിനെ അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട്–മലപ്പുറം ജില്ലാ അതിർത്തിയായ എരഞ്ഞിമാവിനടുത്താണ് കൊലപാതകം നടന്നത്.
അതിഥി തൊഴിലാളികളായ സഹോദരങ്ങൾ തമ്മിലുള്ള വാക്കുതർക്കം ക്രൂര കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. ഉത്തർപ്രദേശ് സ്വദേശികളായ ലക്ഷ്മി നാരായണനും കൈലാസും തമ്മിലുണ്ടായ തർക്കത്തിനിടെ, മൂത്ത സഹോദരനായ ലക്ഷ്മി നാരായണനെ കൈലാസ് തലക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലക്ഷ്മി നാരായണൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഇരുവരും ചെടിച്ചട്ടി നിർമ്മാണ തൊഴിലാളികളാണ്. കൊലപാതകത്തിന് പിന്നിലെ കൂടുതൽ വിവരങ്ങൾ പൊലീസ് അന്വേഷിക്കുകയാണ്.
