സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലാണ് ഇന്ന് മഴമുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലാണ് ബുധനാഴ്ച മഴ മുന്നറിയിപ്പുള്ളത്. മധ്യകഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തെക്കു കിഴക്കൻ അറബിക്കടൽ വരെ നിലനിൽക്കുന്ന ന്യൂനമർദ പാത്തിയാണ് മഴ തുടരാൻ കാരണം. അടുത്ത രണ്ട് മൂന്നു ദിവസത്തിനുള്ളിൽ തെക്കുപടിഞ്ഞാറാൻ കാലവർഷം കന്യാകുമാരി തീരത്ത് എത്തിച്ചേരാൻ സാധ്യതയുണ്ട്. അങ്ങനെയാണെങ്കിൽ വരും ദിവസങ്ങളിലും മഴ തുടരും. ഇന്ന് മുതൽ 29 വരെ കേരളം, മാഹി, ലക്ഷ്യദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റോടും കൂടിയ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി തീരദേശമേഖലയിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
