സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത.ആറ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. നാളെ 7 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അടക്കം പ്രത്യേക ജാഗ്രത പുലർത്തണം. തീരദേശ മേഖലകളിലും ജാഗ്രത നിർദേശമുണ്ട്. കേരള തീരത്തുള്ള ചക്രവാത ചുഴിയാണ് മഴ കനക്കാൻ കാരണം.അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.അതേസമയം സംസ്ഥാനത്ത് ഈ മാസം 26 ഓടെ തെക്കുപടിഞ്ഞാറൻ കാലവർഷം എത്തുമെന്നാണ് കാലാസ്ഥാവകുപ്പിന്റെ നിഗമനം.
സമുദ്രനിരപ്പിൽ നിന്ന് 3.1 കിലോമീറ്റർ മുതൽ 4.5 കിലോമീറ്റർ വരെ ഉയരത്തിലായി തെക്കുകിഴക്കൻ അറബിക്കടലിൽനിന്ന് ലക്ഷദ്വീപ്, വടക്കൻ കേരളം, കർണാടകയുടെ തെക്കൻ ഉൾപ്രദേശങ്ങൾ, ആന്ധ്രാപ്രദേശ് എന്നിവയ്ക്കു മുകളിലൂടെ മധ്യ ബംഗാൾ ഉൾക്കടൽ വരെ നീളുന്ന ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതാണ് മഴ ശക്തമാകാൻ കാരണം.അതിനിടെ, ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
