കണ്ണൂർ അഴീക്കോട് പുന്നക്കപ്പാറയിൽ പടക്കം പൊട്ടിത്തെറിച്ച് ഒരു കുട്ടിക്ക് ദാരുണാന്ത്യം. ഒമ്പത് വയസുകാരനായ അമാനാണ് മരിച്ചത്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട ആഹ്ലാദ പ്രകടനത്തിനിടെ കുട്ടികൾ പടക്കം പൊട്ടിച്ചപ്പോഴായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ മൂന്ന് കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്ന് രാവിലെ 11.30ഓടെ പുന്നക്കപ്പാറ ഗ്രൗണ്ടിലായിരുന്നു സംഭവം. യുഡിഎഫിന്റെ ആഹ്ലാദ പ്രകടനത്തിന് ശേഷം ബാക്കി വന്ന പടക്കങ്ങൾ എടുത്ത് കളിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നാണ് സംശയം. ഗ്രൗണ്ടിലുണ്ടായിരുന്ന ചെങ്കല്ലിന്റെ മുകളിൽ വെച്ചാണ് കുട്ടികൾ പടക്കം പൊട്ടിക്കാൻ ശ്രമിച്ചത്. ചെങ്കല്ലിന്റെ ചീളുകൾ തെറിച്ചാണ് കുട്ടികൾക്ക് പരുക്കേറ്റത്. അമാന്റെ കഴുത്തിൽ ആഴത്തിൽ മുറിവേറ്റിരുന്നു. പരുക്കേറ്റ അമാന്റെ സഹോദരൻ ഉൾപ്പെടെ മൂന്ന് കുട്ടികൾ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
ഗ്രൗണ്ടിൽ നിന്ന് പടക്കം പൊട്ടുന്ന ശബ്ദവും കുട്ടികളുടെ കരച്ചിലും കേട്ടതോടെയാണ് നാട്ടുകാർ ഓടിയെത്തിയത്. പടക്കം കിട്ടിയത് എവിടെ നിന്നാണെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട് എന്ന് വളപട്ടണം എ എസ് പി അഭിഷേക് ഷിറെ പറഞ്ഞു. അമാന്റെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തെത്തിയ വളപട്ടണം പൊലീസ് പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
