കൊച്ചിയിൽ യുവാവിനെ സുഹൃത്ത് ഫ്രയിംഗ് പാൻ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പച്ചാളം സ്വദേശി അൽ ജൂഡാണ് കൊല്ലപ്പെട്ടത്. പച്ചാളം ശാരദ നിവാസിൽ ടെറസിൽ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. താഴെ താമസിക്കുന്ന അതിഥി തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. ചോരവാർന്ന നിലയിലുള്ള മൃതദേഹത്തിന് കാവലായി വീട്ടുടമ സിനോഷും ഉണ്ടായിരുന്നു. കൊല്ലപ്പെട്ടത് ജൂഡൻ എന്ന് വിളിക്കുന്ന അൽ ജൂഡാണെന്നും കൊലപ്പെടുത്തിയത് താനാണെന്നും സിനോഷ് തന്നെയാണ് പൊലീസിനെ അറിയിച്ചത്.
സിനോഷിന്റെ വീടിന്റെ ടെറസ് മദ്യപാനികളുടെ സ്ഥിരം സങ്കേതമാണ്. ഇന്നലെ രാത്രിയും പതിവുപോലെ സംഘം ഒത്തുകൂടി. ഇതിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഫ്രയിംഗ് പാൻ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയത് പ്രതി മൊഴി നൽകി. ഫ്രയിംഗ് പാൻ ടെറസിൽ നിന്ന് കണ്ടെത്തുകയും ചെയ്തു.
സിനോഷിനെ കൂടാതെ രാത്രി വീട്ടിലെത്തിയവരെ പൊലീസ് കസ്റ്റിയിലെടുത്തിട്ടുണ്ട്. തർക്കത്തിലേക്ക് നയിച്ച കാരണം സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ഡിസിപി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. കൊച്ചി നോർത്ത് പൊലീസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
