തെരഞ്ഞെടുപ്പ് തോൽവിയിൽ പിണറായി വിജയനും എം.വി ഗോവിന്ദനും രൂക്ഷ വിമർശനമാണ് സിപിഐഎം ജില്ലാ കമ്മിറ്റികളിൽ നേരിട്ടത്. പരാജയത്തിൻ്റെ മുഴുവൻ ഉത്തരവാദിത്വവും ഇരു നേതാക്കൾക്കും എന്നാണ് ഭൂരിപക്ഷം ജില്ലാ കമ്മിറ്റികളുടെയും അഭിപ്രായം.കണ്ണൂരിലും, പത്തനംതിട്ടയിലും നേതാക്കൾക്ക അതിരൂക്ഷ വിമർശനമായിരുന്നു.പാലക്കാടും, ആലപ്പുഴയിലും, കോഴിക്കോടും ജില്ലാ കമ്മിറ്റി അംഗങ്ങൾ നേതൃത്വത്തെ വിമർശിക്കുന്നതിൽ മത്സരിച്ചു. പാർട്ടി കോട്ടകൾ കടപുഴകിയ കണ്ണൂരിൽ എം വി ഗോവിന്ദൻ അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ ആയിരുന്നു വിമർശനം. വീട്ടിൽ പോയി ചോദിക്കൂ എന്ന പിണറായിയുടെ പരാമർശം തിരിച്ചടിച്ചെന്ന് അംഗങ്ങൾ പറഞ്ഞു. എം.വി ഗോവിന്ദനെ ഇരുത്തിക്കൊണ്ട് തന്നെ ഭാര്യ പി.കെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം ചോദ്യം ചെയ്യപ്പെട്ടു. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്ന പിണറായി വിജയന്റെയും ഗോവിന്ദന്റെയും രീതിയെ പരിഹസിച്ചു. വിമത പ്രവർത്തനത്തെ നേരിട്ട രീതി വിമർശിക്കപ്പെട്ടു. പയ്യന്നൂരിലെ തോൽവിക്ക് ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിനും വിമർശനം നേരിട്ടു. പി ജയരാജനെയും കെ.കെ ശൈലജയെയും ഒതുക്കി എന്നും അംഗങ്ങൾ ആരോപിച്ചു.
പത്തനംതിട്ടയിലും രൂക്ഷ വിമർശനമാണ് നേരിട്ടത്.. പിണറായി വിജയനെതിരെ ആയിരുന്നു കൂടുതലും പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ ഉയർന്ന ശബ്ദങ്ങൾ. പ്രതിപക്ഷ നേതാവ് സ്ഥാനം പിണറായി വിജയനിൽ നിന്ന് തിരിച്ചെടുക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രായപരിധിയിൽ ഇളവ് നൽകിയത് മുഖ്യമന്ത്രിയാവാൻ ആണെന്നും പ്രതിപക്ഷ നേതാവാകാൻ അല്ലെന്നും വിമർശനം നേരിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസിന് ജനങ്ങളുമായി ബന്ധം ഉണ്ടായില്ല. യോഗത്തിൽ ആറന്മുളയിൽ താൻ മത്സരിക്കാൻ ഇല്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു മത്സരിപ്പിച്ചു എന്ന് വീണാ ജോർജും പറഞ്ഞു.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി പി ഐ എമ്മിൽ കൂട്ടരാജി ഉണ്ടായ ജില്ലയാണ് പാലക്കാട്. ജില്ലാ നേതൃത്വമാണ് പാലക്കാട് ചോദ്യം ചെയ്യപ്പെട്ടത്. പാർട്ടി കേഡറുകളെ ഒതുക്കി. ജില്ലാ നേതാക്കൾക്ക് വിശ്വാസത ഇല്ലാതായി. സംസ്ഥാന നേതൃത്വവും മാറണമെന്ന് പാലക്കാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നേതൃ പരാജയമാണ് അമ്പലപ്പുഴയിലെ ജി സുധാകരന്റെ വിജയത്തിന് കാരണം എന്നായിരുന്നു ആലപ്പുഴ ജില്ലാ കമ്മിറ്റിയിലെ പ്രധാന വിമർശനം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ താഴെത്തട്ടിലെ അണികളെ പോലും ബാധിച്ചു. സംസ്ഥാനതലത്തിലും പാർട്ടിക്ക് നേതൃ ദാരിദ്ര്യം എന്ന വിമർശനമുയർന്നു.കോഴിക്കോട് ജില്ലാ കമ്മറ്റിയും വിമർശനത്തിന്റെ വാളടുത്തു. ന്യൂനപക്ഷങ്ങൾ അപ്പാടെ പാർട്ടിക്കെതിരായി എന്ന് വിലയിരുത്തി. വടകരയിലേക്കും പേരാവൂരിലേക്കും കെ കെ ശൈലജയെ മത്സരിപ്പിക്കാൻ അയച്ചത് ചരിത്രപരമായ രാഷ്ട്രീയ മണ്ടത്തരം എന്നായിരുന്നു പരിഹാസം.
മുഖ്യമന്ത്രിയുടെ പെരുമാറ്റം കമ്മ്യൂണിസ്റ്റുകാരന് ചേർന്നതല്ല എന്നായിരുന്നു തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിലെ വിമർശനം. മുഖ്യമന്ത്രിയുടെ മകൾ വിവാദങ്ങളിൽ ഉൾപ്പെട്ടത് പാർട്ടിക്കും ക്ഷീണമായി. സാധാരണക്കാരെ അവഗണിച്ച സർക്കാരായിരുന്നു എന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വം വേഗത്തിൽ മാറണമെന്നും തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യമുയർത്തി.കനത്ത തോൽവി നേരിട്ട കൊല്ലത്തേത് ജില്ലാ നേതൃത്വത്തിന്റെ പരാജയം അല്ലെന്നും സംസ്ഥാന നേതൃത്വമാണ് പരാജയത്തിന് ഉത്തരവാദി എന്നുമായിരുന്നു വിമർശനം. പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കരുതായിരുന്നുവെന്നും അഭിപ്രായമുയർന്നു.
8 ജില്ലാ കമ്മറ്റികൾ മാത്രമാണ് അവസാനിച്ചത്. ഇനിയും ആറിടത്തു കൂടി ചേരാൻ ബാക്കിയുണ്ട്. എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, വയനാട്, കാസർഗോഡ് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലായി ജില്ലാ കമ്മിറ്റി ചേരും. ഈ മാസം 23 ഓടെ മുഴുവൻ ജില്ലാ കമ്മിറ്റികളും പൂർത്തിയാകും.
