സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുന്നു. ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ , എറണാകുളം, കോട്ടയം, ഇടുക്കി, കണ്ണൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത് . നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റന്നാൾ തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിലും മുന്നറിയിപ്പ് തുടരും. മെയ് 11 വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കന്‍ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി, തെക്കന്‍ കേരള തീരത്തോട് ചേര്‍ന്ന് ചക്രവാതചുഴി സ്ഥിതി ചെയ്യുന്നു. തെക്കുകിഴക്കന്‍ അറബിക്കടലിലെ ചക്രവാതചുഴി മുതല്‍ തെക്കുപടിഞ്ഞാറന്‍ മധ്യപ്രദേശ് വരെ, കര്‍ണാടകയുടെ ഉള്‍ഭാഗങ്ങളിലൂടെയും മഹാരാഷ്ട്രയിലൂടെയും സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റര്‍ ഉയരത്തിലായി ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു. ഇതിന്റെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമായത്.
വേനൽ മഴ ശക്തമാകുന്നു;കേരളത്തിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
