ഇറാനും അമേരിക്കയും തമ്മിൽ രണ്ടാം വട്ട കൂടിക്കാഴ്ച ഉടൻ ഉണ്ടായേക്കും. മധ്യസ്ഥ നീക്കങ്ങളുമായി പാകിസ്താൻ സൈനിക മേധാവി അസിം മുനീർ ഇറാനിലും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഖത്തറിലുമെത്തി. അമേരിക്ക നാവിക ഉപരോധം അവസാനിപ്പിച്ചില്ലെങ്കിൽ ചെങ്കടൽ വഴിയുള്ള യാത്രയും തടയുമെന്ന് ഇറാൻ പ്രഖ്യാപിച്ചു.
യുദ്ധവിരാമം അകലെയല്ല എന്നാണ് നയതന്ത്ര വിദഗ്ധർക്കിടയിലെ വിശ്വാസം. ഇസ്ലാമാബാദിൽ ഇരുരാഷ്ട്രങ്ങളും ഒരിക്കൽ കൂടി കൂടിയിരിക്കുന്നതിലൂടെ ധാരണാപത്രം ഒപ്പുവച്ചേക്കും. കൂടിക്കാഴ്ച ഈ ആഴ്ച തന്നെ സംഭവിക്കും എന്നാണ് റിപ്പോർട്ടുകൾ. ഒരുവശത്ത് ചർച്ച തുടരുമ്പോഴും നാവിക ഉപരോധത്തിൽ അമേരിക്കയും ഇറാനും ഇരുവശത്താണ്. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന കപ്പലുകളേയും തടയും എന്നാണ് ഇപ്പോൾ ഇറാൻ പ്രഖ്യാപിച്ചിരിക്കുന്നത്. ഇറാന്‍റെ പ്രമുഖ തുറമുഖങ്ങളിൽ അമേരിക്ക ആരംഭിച്ച ഉപരോധമാണ് കാരണം. ഹോർമുസിലൂടെ സ്വതന്ത്ര യാത്ര ഇറാൻ അനുവദിക്കുന്നില്ല എന്നു ചൂണ്ടിക്കാണിച്ചാണ് ഇറാൻ തുറമുഖങ്ങളിൽ അമേരിക്കയുടെ നാവിക സേന ഉപരോധം ആരംഭിച്ചത്. ഉപരോധം തുടങ്ങിയ ശേഷം ഇറാന്‍റെ സമുദ്രവ്യാപാരം പൂർണമായും നിലച്ചു എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അവകാശപ്പെടുന്നത്. എന്നാൽ നാലു കപ്പലുകൾ തുറമുഖത്തു നിന്ന് ചരക്കുമായി യാത്ര തിരിച്ചു എന്നാണ് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടാമതൊരു സൂപ്പർ ടാങ്കർ കൂടി ഹോർമൂസ് കടന്ന ചിത്രങ്ങൾ പുറത്തുവന്നു. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച ശേഷം ഹോർമൂസിലൂടെ നേരത്തെ ഒരു ചൈനീസ് സൂപ്പർ ടാങ്കർ കടന്നുപോയിരുന്നു.
ലബനന്‍റെ പ്രസിഡന്‍റ് ജോസഫ് ഔൺസുമായി ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു ചർച്ച നടത്തി. അമേരിക്കയിൽ വച്ച് ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങും മുൻപ് വെടിനിർത്തൽ സാധ്യതകൾ തേടിയായിരുന്നു സംഭാഷണം. മധ്യേഷൻ സംഘർഷാവസ്ഥ തുടർന്നാൽ അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ലോകത്ത് ഉണ്ടാവുക എന്ന് ഐഎംഎഫ് മുന്നറിയിപ്പ് നൽകി. വലിയ ഭക്ഷ്യവിലക്കയറ്റത്തിന്‍റെ വക്കിലാണ് ലോകമെന്നാണ് ഐഎംഎഫ് മേധാവി ക്രിസ്റ്റലീന ജോർജിയേവയുടെ മുന്നറിയിപ്പ്.
