ചരിത്ര നേട്ടം സ്വന്തമാക്കാൻ ആയെങ്കിലും വോട്ട് വിഹിതത്തിൽ കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിയാത്തതിൽ ബിജെപിക്ക് നിരാശ. നേമം, കഴക്കൂട്ടം, ചാത്തന്നൂർ ഇവിടങ്ങളിലെ വിജയം വലിയ ആത്മവിശ്വാസമാണ് ബിജെപിക്ക് നൽകുന്നത്. മൂന്നിടത്ത് വിജയിച്ചതിന് പുറമേ ആറ് മണ്ഡലങ്ങളിലാണ് എൻഡിഎ രണ്ടാം സ്ഥാനത്ത് എത്തിയത്. പാർട്ടി സംസ്ഥാന കമ്മിറ്റി വരും ദിവസങ്ങളിൽ ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. ബൂത്ത് തല കണക്കുകൾ പരിശോധിച്ച് നടത്തിയ കണക്കുകൂട്ടലുകളേക്കാൾ മികച്ചതാണ് തെരഞ്ഞെടുപ്പ് ഫലം. പക്ഷേ സംസ്ഥാന വ്യാപകമായി നോക്കുമ്പോൾ വലിയ വളർച്ച ബിജെപിക്ക് ഇത്തവണയും ഇല്ല. കഴിഞ്ഞ തവണത്തെ വോട്ട് വിഹിതത്തിൽ നിന്ന് അധികം ഉയർച്ച ഉണ്ടാകാത്തതാണ് വെല്ലുവിളി.
കഴിഞ്ഞ തവണ 9 സ്ഥലത്താണ് ബിജെപി രണ്ടാമതെത്തിയത്. ഇത്തവണ ആറ് മണ്ഡലങ്ങളിൽ രണ്ടാമതാണ്. 20 മണ്ഡലങ്ങളിലെങ്കിലും രണ്ടാമത് എത്തുമെന്ന മുൻ കണക്കുകൂട്ടലുകൾ എല്ലാം പാഴായി. 20% വോട്ട് വിഹിതം, 30 മണ്ഡലങ്ങളിൽ രണ്ടാമത്, ദേശീയ കമ്മിറ്റിയുടെ നിർദേശം പാലിക്കാനാകാത്തതിന്റെ നിരാശ എന്നിവയും നേതാക്കളുടെ മുഖത്തുണ്ട്.
