പാലക്കാട് വടക്കഞ്ചേരിയിൽ അമ്മയുടെ സ്വർണ്ണം മോഷ്ടിച്ച് ആൺ സുഹൃത്തിനൊപ്പം പോയ യുവതിയെയും യുവാവിനെയും പൊലീസ് പിടികൂടി. മണപ്പാടം പാട്ടോല സ്വദേശി ശ്രുതി (26), ആൺ സുഹൃത്ത് കിഴക്കഞ്ചേരി സ്വദേശി ലിൻ്റോ കുര്യാക്കോസ് (28) എന്നിവരാണ് പിടിയിലായത്. ശ്രുതിയുടെ അമ്മയുടെ ഏഴര പവൻ സ്വർണാഭരണവുമായി കന്യാകുമാരിയിലേക്കാണ് ഇരുവരും പോയത്. കന്യാകുമാരിയിൽ വെച്ച് വടക്കഞ്ചേരി പൊലീസാണ് രണ്ട് പേരെയും പിടികൂടിയത്.
ശ്രുതി വിവാഹിതയും, ഏഴും മൂന്നും വയസ് പ്രായമുള്ള മക്കളുടെ അമ്മയുമാണ്. മക്കളെ ഉപേക്ഷിച്ച് പോയതിനും സ്വർണാഭരണങ്ങൾ മോഷ്ടിച്ചതിനും ശ്രുതിക്കെതിരെ പൊലീസ് കേസെടുത്തു. മോഷണത്തിന് കൂട്ടുനിന്നതിനും സ്വർണം പണയം വെച്ചതിനും ലിൻ്റോക്കെതിരെയും കേസെടുത്തു. ആൺ സുഹൃത്ത് ലിന്റോ കുര്യാക്കോസിനെതിരെ വിവാഹ വാഗ്‌ദാനം നൽകി വഞ്ചിച്ചതിന് മുമ്പ് പൊലീസ് കേസുണ്ട്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
